എന്താണ് മാര്‍ക്സിസം ??(2.ഒരാമുഖം-II)



എന്താണ് മാര്‍ക്സിസം?? (1.ഒരാമുഖം)
        മനുഷ്യന് പുരോഗമിച്ചേ മതിയാകൂ. ആഗ്രഹിച്ചാലും ഇല്ലെങ്കിലും മനുഷ്യന് പുരോഗമിച്ചേ മതിയാകൂ. പ്രാകൃത സമൂഹത്തില്‍ തുടങ്ങി അടിമ സമൂഹവും നാടുവാഴി സമൂഹവും കഴിഞ്ഞു ഇന്നത്തെ മുതലാളിത്ത സമൂഹത്തിലെത്തി നില്‍ക്കുന്ന മനുഷ്യന്റെ യാത്ര large scale ല്‍ പുരോഗതിയുടെ ചരിത്രമാണ്. ചെറിയ ഉയര്‍ച്ച താഴ്ചകള്‍ കാലാകാലങ്ങളില്‍ ഉണ്ടായിട്ടുണ്ട് എങ്കിലും അന്ന് തൊട്ടിന്നു വരെ ദീര്‍ഘകാലാടിസ്ഥാനത്തില്‍ നാം നേടുക മാത്രമേ ചെയ്തിട്ടുള്ളൂ. മനസിലാക്കേണ്ട കാര്യം മുതലാളിത്തം ഒരവസാനമല്ല. ഇനിയുമേറെ മുന്നോട്ടു നമുക്ക് പോകാനുണ്ട്.
        ഓരോ കാലഘട്ടത്തിലും അന്നന്നത്തെ ഉത്പാദന വ്യവസ്ഥിതിയാണ് സമൂഹത്തിലെ അംഗങ്ങള്‍ തമ്മിലുള്ള ബന്ധത്തെ നിര്‍ണയിച്ചിരുന്നത്. മനുഷ്യന്‍ കൂടുതല്‍ കൂടുതല്‍ അറിവ് നേടുകയും ആ അറിവ് ഉത്പാദന പ്രക്രിയയില്‍ പ്രയോഗിക്കുകയും ചെയ്യുന്നത് സാമൂഹ്യ പരിവര്‍ത്തനങ്ങള്‍ക്ക് കാരണമാകുന്നു. ഉദാഹരണത്തിന് നേരത്തെ പറഞ്ഞ നാടുവാഴി സമൂഹത്തിനെ കാര്യം തന്നെയെടുക്കാം. നാടുവാഴികളും നാടുവാഴിയുടെ നിലത്തു അധ്വാനിച്ചിരുന്ന ഭൂരിഭാഗം വരുന്ന അടിയാളരും ചേര്‍ന്നതായിരുന്നു ആ സമൂഹം. ഉത്പാദന പ്രക്രിയയിലെ മാറ്റമാണ് മിച്ച ഉല്പന്നം ഉണ്ടാവാനും ആ ഉല്പന്നം ക്രയവിക്രയം ചെയ്യുന്ന വ്യാപാരികള്‍ ഉണ്ടാവാനും കാരണമായത്‌. നാടുവാഴികള്‍ വ്യാപാരികളുടെ സ്വതന്ത്രമായ പ്രവര്‍ത്തനങ്ങളെ നിയമങ്ങളും നികുതികളും കൊണ്ട് നിയന്ത്രിക്കാന്‍ ശ്രമിച്ചു. മുതലാളിത്ത രീതിയിലുള്ള മികച്ച ഉത്പാദന രീതിയെ നാടുവാഴിത്തം ശക്തമായി പുറകോട്ടു വലിക്കുകയാണ്‌ എന്ന തിരിച്ചറിവാണ് നാടുവാഴിത്തത്തിന്‍റെ അന്ത്യം കുറിച്ചത്.
        മതിയായ ഭൌതിക സാഹചര്യങ്ങള്‍ ഉണ്ടാവുമ്പോള്‍ പുതിയ ആശയങ്ങള്‍ ഉയര്‍ന്നു വരികയും അവ മനുഷ്യന് പുതിയ ദിശാബോധം പകര്‍ന്നു നല്‍കുകയും ചെയ്യും. വര്‍ഗങ്ങള്‍ തമ്മിലുള്ള സമരം നിലവിലുള്ള ഉത്പാദന രീതിയെ മെച്ചപ്പെടുത്തുകയോ അല്ലെങ്കില്‍ പുതിയ ഉത്പാദന രീതികള്‍ സ്ഥാപിക്കുകയോ ചെയ്യും. മുതലാളിത്തവും എല്ലാം തികഞ്ഞ ഒരു വ്യവസ്ഥിതിയല്ല. ഒരു നേരത്തെ ഭക്ഷണത്തിന് പോലും വകയില്ലാത്തവര്‍ ജീവിക്കുന്ന നാട്ടില്‍ ലാഭക്കുറവിന്‍റെ പേരില്‍ ധാന്യങ്ങള്‍ കത്തിച്ചു കളയുകയും കടലില്‍ ഒഴുക്കുകയും ചെയ്യുന്നത് ശരി വയ്ക്കുന്ന ഒരു വ്യവസ്ഥിതിക്ക് നിലനില്‍ക്കാന്‍ യാതൊരു അവകാശവുമില്ല തന്നെ. ഈ തിരിച്ചറിവ് ജനങ്ങള്‍ക്കുണ്ടാവുന്ന കാലത്ത് മുതലാളിത്തവും കടപുഴകി വീഴുക തന്നെ ചെയ്യും. കാരണം മനുഷ്യന് പുരോഗമിച്ചേ മതിയാകൂ, ആഗ്രഹിച്ചാലും ഇല്ലെങ്കിലും.
        ഇന്ന് മുതലാളിത്തം അതിന്‍റെ ഏറ്റവും ഉയര്‍ന്ന രൂപമായ സാമ്രാജ്യത്വത്തില്‍ എത്തി നില്‍ക്കുകയാണ്.  മുതലാളിത്തത്തിനെ അതിന്‍റെ പൂര്‍ണ രൂപത്തില്‍ വിലയിരുത്താനും മനുഷ്യ പുരോഗതിയെ അത് എത്ര മാത്രം പുറകോട്ടു വലിക്കുന്നുണ്ട് എന്നു തിരിച്ചറിയാനും ഇതാണ് ശരിയായ സമയം. അനാവശ്യമായ യുദ്ധങ്ങളും, ആയുധപ്പന്തയങ്ങളും മനുഷ്യ പുരോഗതിക്കുതകുമായിരുന്ന വളരെയധികം സ്രോതസ്സുകളെയാണു (അധ്വാനം, പ്രകൃതി വിഭവങ്ങള്‍, സമയം) നശിപ്പിക്കുന്നത് എന്നും നാം മനസിലാക്കേണ്ടിയിരിക്കുന്നു. തിരിച്ചറിവുകള്‍ ഇല്ലാത്ത നീണ്ട ഒരു കാലഘട്ടം നാം പിന്നിട്ടു കഴിഞ്ഞു. നമ്മുടെ ഭാവി നിശ്ചയിക്കുന്ന ജോലി മറ്റുള്ളവരെ ഏല്‍പ്പിക്കുന്നത് നമുക്ക് നിര്‍ത്താം. പുതിയൊരു നാളെ സ്വയം സൃഷ്ടിക്കാം!!!


(തുടരും)
അവലംബം:എന്താണ് മാര്‍ക്സിസം by എമില്‍ ബേണ്‍സ് 

Comments

Popular posts from this blog

എന്താണ് മാര്‍ക്സിസം?? (1.ഒരാമുഖം)

എന്‍റെ ചോര തിളക്കുന്നു

എന്താണ് മാര്‍ക്സിസം ??(3.വൈരുദ്ധ്യാത്മക ഭൌതികവാദം)