മാറ്റത്തിന് മാറ്റമില്ല
മാറുന്നു ഭൂതലം മാറുന്നു വിണ്ടലം,
മാറുന്നു ഭൂമിയില്‍ വാണിടും മാനുഷര്‍;
മാറ് പിളര്‍ന്നു കരയുന്നു ധരണിയി
ലിന്നലെയോളം ചിരിക്കാന്‍ കഴിഞ്ഞവര്‍;
ഇന്നലെ പച്ച പുതച്ചൊരു പാടമാ
നഷ്ടസ്മൃതികള്‍ അയവിറക്കീടുന്നു;
സ്വാര്‍ഥത തന്‍ വിഷം തുപ്പാനറിയുന്ന
ഫാക്ടറികള്‍ക്കായി കാത്തിരുന്നീടുന്നു;
നാടിന്‍ വിശുദ്ധിയും കുളിര്‍മയും നന്മയും
എന്നോ മറന്നു പോയ് നഗരത്തിലെത്തി നാം
കൊതുകിന്റെ മൂളലും കാറിന്‍ മുരള്‍ച്ചയും
സംഗീതമായ് കാതില്‍ വന്നലച്ചീടുന്നു
പ്രത്യയശാസ്ത്രവും ആദര്‍ശബോധവും
ആര്‍ക്കുമേ വേണ്ടാത്ത വില്‍ക്കാച്ചരക്കുകള്‍
കെട്ടിപ്പിടിക്കാന്‍ മറന്നവര്‍ നമ്മളോ
വെട്ടിപ്പിടിക്കാന്‍ പഠിക്കാന്‍ ശ്രമിക്കുന്നു;
കണ്ടുവോ നിങ്ങളീ ഭൂമിയില്‍ മാറ്റത്തെ
മാറ്റമില്ലാതുള്ളോരത്ഭുത വസ്തുവേ?
മാറണം മാറ്റിമറിക്കണം ലോകത്തെ
ഇനിയുള്ള പൂക്കളും നമ്മള്‍ക്ക് നേടണം
എന്നു പറഞ്ഞവര്‍ മുന്‍പേ നടന്നു പോയ്
പിന്തിരിയാതവര്‍ മുന്നോട്ടു തന്നെ പോയ്;
പിന്തുടരാന്‍ ബാക്കി വച്ചിട്ട് പോയതോ
നിശ്ചല നിഷ്ക്രിയ നിര്‍ഗ്ഗുണ സഞ്ചയം
സ്വപ്‌നങ്ങള്‍ കാണാന്‍ മറന്നു പോയീ ചിലര്‍
പാടാന്‍ മറന്നവര്‍ ആടാന്‍ മറന്നവര്‍
കേള്‍ക്കാന്‍ മറന്നവര്‍ ഓര്‍ക്കാന്‍ മറന്നവര്‍
തങ്ങളെത്തന്നെയും ഓര്‍മയില്ലാത്തവര്‍
ഓര്‍ക്കുക മാറണം മാറ്റണം ലോകത്തെ
ഇനിയുള്ള പൂക്കളും നമ്മുടേതാക്കുവാന്‍….
good..
ReplyDeleteWatch the following link...
http://blip.tv/file/4755134?filename=Pratheesh-TheAgeOfInequalityFarmCrisisFoodCrisisMediaPSainath909.m4v
മുല്ല, നിരഞ്ജന്‍
ReplyDeleteവായിച്ചതിനു നന്ദി....
നിരഞ്ജന്‍... വളരെ നല്ല ലിങ്ക്... നന്ദി... :)