എന്‍റെ ചോര തിളക്കുന്നു


സായിപ്പിനെ കണ്ടാല്‍ കവാത്ത് മറക്കുക എന്ന് കേട്ടിട്ടുണ്ടായിരുന്നു.ഭോപാല്‍ ദുരന്തത്തിന്‍മേലുള്ള കോടതി വിധി വന്നപ്പോള്‍ കണ്ടു. പരമാധികാര രാഷ്ട്രം, ഭാവിയിലെ സൂപ്പര്‍ പവര്‍, തിളങ്ങുന്ന ഇന്ത്യ.... എന്തൊക്കെയായിരുന്നു... അവസാനം പവനായി ശവമായി...
ആയിരക്കണക്കിന് മനുഷ്യ ജഡങ്ങളാല്‍ മുതലാളിത്തത്തിന് അടിത്തറ പണിഞ്ഞവനെ ഒരു രോമത്തിന് പോലും കേട് പറ്റാതെയല്ലേ നാം രക്ഷിച്ചത്.  മൂലധനത്തിന്‍റെ ധാര്‍ഷ്ട്യങ്ങളെ എന്തു വിലകൊടുത്തും സംരക്ഷിക്കുകയാണല്ലോ വികസനം കാംക്ഷിക്കുന്ന ഒരു രാഷ്ട്രം എന്ന നിലക്ക് നാം ചെയ്യേണ്ടത്. അതില്‍ അഭിമാനിക്കാം നമുക്ക്. പൂര്‍വികര്‍ ജീവന്‍ കൊടുത്ത് നേടിയ 'സ്വാതന്ത്ര്യത്തെ' വെറും കടലാസില്‍ ഒതുക്കുന്നതില്‍ എന്തു ആത്മാര്‍ഥതയാണ് നമ്മുടെ ഭരണാധികാരികള്‍ കാണിക്കുന്നത്. നിയമങ്ങള്‍ക്ക് മുകളില്‍ നിയമങ്ങളും ഭരണഘടനാ ഭേദഗതികളും കാണാച്ചരടുകളുള്ള കരാറുകളും മനപ്പൂര്‍വ്വം ഉണ്ടാക്കുന്ന തെറ്റായ കീഴ്വഴക്കങ്ങളും ഒക്കെക്കൂടി നമ്മെ ഇന്നെത്തിച്ചിരിക്കുന്ന അവസ്ഥയെ വിശേഷിപ്പിക്കാന്‍ നമുക്ക് സ്വാതന്ത്ര്യം എന്ന വാക്കിന്‍റെ അര്‍ത്ഥത്തിന് തന്നെ ഭേദഗതി വരുത്തേണ്ടി വരും. A sovereign, socialist, secular,democratic republic എന്നാണ് നമ്മുടെ 'പ്രഥമ' ഭരണഘടന India യെ നിര്‍വചിക്കുന്നത്. ഈ നിര്‍വചനം ഇന്നത്തെ ഇന്ത്യയ്ക്കു എത്രത്തോളം ചേരും എന്ന് വിവരമുള്ളവര്‍ പുനപരിശോധിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.
എല്ലാറ്റിനും വിലയിടുന്ന മുതലാളിത്തം ഇപ്പൊ വന്ന് വന്ന് മനുഷ്യജീവനും വിലയിടാന്‍ നമ്മെ പഠിപ്പിച്ചു..നല്ലത്..... ഇതാണ് പുരോഗതി... ഇതാണ് വികസനം.... ആര് ചത്താലും വേണ്ടില്ല എന്തൊക്കെ സംഭവിച്ചാലും വേണ്ടില്ല, ഇവിടെ നിക്ഷേപം വരണം, വികസനം വരണം. മൂലധനമേ നിനക്കു സ്തുതി....
ഇങ്ങനെയാണ് ഇവിടുത്തെ നീതി ന്യായ വ്യവസ്ഥയും മാനുഷിക ബോധവുമെങ്കില്‍, നാളെ ഇവിടെ സ്ഥാപിക്കാന്‍ പോകുന്ന ഓരോ ആണവനിലയവും ഫലത്തില്‍ നമ്മുടെ നാട്ടില്‍ നമ്മുടെ അനുമതിയോടെ സ്ഥാപിക്കുന്ന വിദേശ നിയന്ത്രിത ആണവ ബോംബുകളല്ലെ എന്ന് ന്യായമായും സംശയിച്ചു കൂടെ?? ആ ബില്ലു പാസ്സാക്കാന്‍ എന്തൊരുല്‍സാഹമായിരുന്നു നമ്മുടെ യെശമാനന്‍മാര്‍ക്ക്... പ്ഥൂ....
കാല് നക്കിയാല്‍ കിട്ടുന്ന എല്ലിന്‍ കഷണങ്ങള്‍ ശരീരപുഷ്ടിക്കുതകുമെങ്കിലും ആത്മാഭിമാനത്തെ ചോര്‍ത്തിക്കളയും എന്ന് തിരിച്ചറിയുന്നത് നന്ന്.
മനുഷ്യന്‍റെ സ്വാര്‍ഥതയുടെ പക്ഷം ചേര്‍ന്ന് പ്രകൃതിയെ, സഹമനുഷ്യജീവികള്‍ ഉള്‍പ്പടെ,  അന്ധമായി ചൂഷണം ചെയ്തു കടലാസുകളില്‍ നിറയ്ക്കുന്ന അക്കങ്ങളുടെ നീളമാണ് വികസനം എന്ന തെറ്റിദ്ധാരണ നമ്മെ ഇനിയുള്ള കാലം ഏറെയൊന്നും മുന്നോട്ട് നയിക്കില്ല. അരൂപിയായി അതിന്റെ സാന്നിധ്യം അറിയിക്കുന്ന സത്യത്തിന് മുഖമില്ലെന്ന് ഞാന്‍ വിശ്വസിക്കുന്നു. മുന്നിലുള്ള സത്യത്തെ തിരിച്ചറിയാന്‍ വിസമ്മതിക്കുന്ന നമ്മളാണ് അതിന് വികൃതവും ബീഭത്സവുമായ  മുഖം പണിയുന്നത്.
എന്‍റെ ചോര തിളക്കുന്നു... എങ്ങിനെ പ്രതികരിക്കും ഞാനീ മഹത്തായ ജനാധിപത്യത്തില്‍?? അലിഖിതമായി എന്‍റെ മേല്‍ അടിച്ചേല്‍പ്പിക്കപ്പെട്ടിരിക്കുന്ന അടിമത്തം എന്നെ നോക്കി കൊഞ്ഞനം കുത്തുന്നു. ആരുണ്ട് എന്‍റെ കൂടെ???  ആര്‍ക്കോ വേണ്ടി ദാസ്യവേല ചെയ്യുന്ന ഈ ഭരണാധികാരി ശവങ്ങളെ ജീവിതകാലം മുഴുവന്‍ ചുമക്കാനാണോ എന്‍റെ 'വിധി'???

Comments

  1. ഒരാളെ കൊന്നാല്‍ കൊലക്കയര്‍...
    പതിനായിരത്തിനെ കൊന്നാല്‍...

    ReplyDelete
  2. ആരുമിപ്പോൽ സാധാരണക്കാരന്റെ കണ്ണിലൂടെ ഒന്നും കാണാറില്ല. പ്രതിശീർഷവരുമാനം ഉയർന്നാൽ എല്ലാമായി എന്ന് കരുതുന്നവരെപ്പറ്റി എന്ത് പറയാനാണ്

    ReplyDelete

Post a Comment

Popular posts from this blog

എന്താണ് മാര്‍ക്സിസം?? (1.ഒരാമുഖം)

എന്താണ് മാര്‍ക്സിസം ??(3.വൈരുദ്ധ്യാത്മക ഭൌതികവാദം)