എന്താണ് മാര്‍ക്സിസം?? (1.ഒരാമുഖം)

       കേരളീയരായ നമ്മള്‍ സ്ഥിരമായി കേള്‍ക്കാറുള്ള വാക്കുകളാണ് മാര്‍ക്സിസവും മാര്‍ക്സിസ്റ്റുകാരും. വളരെ നാളായി ആവര്‍ത്തിച്ചു കേട്ടുകൊണ്ടിരിക്കുന്നതിനാല്‍ തന്നെ ഈ വാക്കുകള്‍ ജനമനസുകളില്‍  അവയുടെ യഥാര്‍ത്ഥ അര്‍ത്ഥങ്ങളില്‍ നിന്ന് വ്യത്യസ്തമായിട്ടുള്ള ആശയങ്ങളെയാണ് ഇന്ന് പ്രതിനിധാനം ചെയ്യുന്നത്. ദൃശ്യ പത്ര മാധ്യമങ്ങളില്‍ ഇന്ന് ഈ വിഷയം ചര്‍ച്ച ചെയ്യപ്പെടുമ്പോള്‍ ബൌദ്ധികമായി വളരെ ഉന്നതര്‍ എന്നു നാം കരുതുന്ന പലരും പോലും ഈ വാക്കുകളെ സ്ഥാനത്തും അസ്ഥാനത്തും പ്രയോഗിച്ചു അവ പ്രതിനിധാനം ചെയ്യുന്ന മഹത്തായ ആശയത്തെ വിലകുറച്ച് കാണിക്കാനും പറ്റുമെങ്കില്‍ മൂടിവെക്കാനും ശ്രമിക്കുന്ന നിരാശാജനകമായ കാഴ്ചയാണ് കാണുവാന്‍ കഴിയുന്നത്‌.
        കാള്‍ മാര്‍ക്സും അദ്ദേഹത്തിന്റെ ആശയങ്ങളും ഒരു കാലത്ത് പല മഹദ് വ്യക്തികളെയും, ജനങ്ങളെയും, രാഷ്ട്രങ്ങളെയും വരെ സ്വാധീനിച്ചിരുന്നു എന്നു സ്കൂളില്‍ പഠിക്കുന്ന ചരിത്രത്തില്‍ നിന്ന് മനസിലാക്കാന്‍ സാധിക്കും. ഈ അറിവ് ഉണ്ടായിരിക്കുകയും അതേസമയം വര്‍ത്തമാന കാലത്തില്‍ ഈ വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന രീതി കാണുകയും ചെയ്തത്  എന്നിലുണ്ടാക്കിയ ആശയക്കുഴപ്പം യഥാര്‍ത്ഥ മാര്‍ക്സിസം എന്താണ് എന്നും ഇന്ന് ചര്‍ച്ച ചെയ്യപ്പെടുന്ന അത്ര തന്നെ മഹത്തരമല്ലാത്ത ആശയങ്ങളില്‍ നിന്ന് അവ എങ്ങനെ വ്യത്യാസപ്പെട്ടിരിക്കുന്നു എന്നും അന്വേഷിക്കാന്‍ എന്നെ പ്രേരിപ്പിച്ചു. ആ അന്വേഷണങ്ങളില്‍ നിന്ന് എനിക്ക് മനസിലായ ചില കാര്യങ്ങള്‍ നാളെ മറന്നു പോകാതിരിക്കാനായി കുറിച്ച് വയ്ക്കുന്നു.
        ഇന്ന് നാം മനസിലാക്കുന്ന മാര്‍ക്സിസം രാഷ്ട്രീയവുമായി വളരെയധികം കെട്ടുപിണഞ്ഞു കിടക്കുന്നു. അടവുനയങ്ങളും തെരഞ്ഞെടുപ്പു സഖ്യങ്ങളും അവസരവാദപരമായ പ്രസ്താവനകളും ഒക്കെ ചേര്‍ന്ന് ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ നയമായി മാര്‍ക്സിസത്തെ മാറ്റിയിരിക്കുന്നു. പക്ഷെ മാര്‍ക്സും ഏംഗല്സും തങ്ങളുടെ ആശയങ്ങള്‍ രൂപപ്പെടുത്തിയത് അതിനെക്കാളൊക്കെ വളരെ ഉയര്‍ന്ന ഒരു തലത്തില്‍ നിന്ന് കൊണ്ടായിരുന്നു. മനുഷ്യ സമൂഹത്തെയും അത് സ്ഥിതി ചെയ്യുന്ന ഈ പ്രപഞ്ചത്തെ ഒട്ടാകെയും സംബന്ധിച്ചുള്ള ഒരു പൊതു സിദ്ധാന്തമാണ്‌ മാര്‍ക്സിസം. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ ബൈബിള്‍ പോലെയോ ഖുറാന്‍ പോലെയോ ഭഗവദ്ഗീത പോലെയോ ഒരു ജീവിത മാര്‍ഗരേഖയാണ് മാര്‍ക്സിസം. അത് സത്യത്തില്‍ അധിഷ്ടിതമാണ്
        അത് പോലെ തന്നെ ഒരു സമ്പൂര്‍ണ്ണമായ ഒരു സിദ്ധാന്തമാണ്‌ മാര്‍ക്സിസം എന്നതും ഒരു തെറ്റിധാരണയാണ്. ഏതൊരു ശാസ്ത്രത്തെയും പോലെ തന്നെ മാര്‍ക്സിസവും കാലപ്രവാഹത്തില്‍ വെളിച്ചത്തു വരുന്ന വസ്തുതകളില്‍ നിന്ന് പാഠങ്ങള്‍ ഉള്‍ക്കൊണ്ടു വളരുന്നു, അതിന്റെ പ്രസക്തിക്ക് യാതൊരു കോട്ടവും തട്ടാതെ തന്നെ.
        മനുഷ്യ സമൂഹം അവിരാമമായി ഒരു മാറ്റത്തിന്റെ പാതയിലാണ്. കാട്ടിലെ വേട്ടക്കാരനില്‍ തുടങ്ങി ഇന്നത്തെ ആധുനിക മനുഷ്യനില്‍ എത്തിനില്‍ക്കുന്ന മനുഷ്യന്റെ പുരോഗതിയിലേക്കുള്ള യാത്ര കേവലം യാദൃശ്ചികത അല്ലെന്നും ചില വ്യക്തമായ നിയമങ്ങള്‍ ഉപയോഗിച്ച് ആ യാത്രയെ വിശകലനം ചെയ്യാമെന്നും, ഭാവിയില്‍ ആ യാത്ര എങ്ങനെയായിരിക്കുമെന്ന് പ്രവചിക്കുവാനും അഥവാ ആ യാത്രാഗതിയെ നിയന്ത്രിക്കുവാനും സാധിക്കുമെന്ന് മാക്സിസം നമ്മോടു പറയുന്നു.
        സാമൂഹ്യ വളര്‍ച്ചയിലെ എല്ലാ സംഭവങ്ങളെയും നമുക്ക് വര്‍ഗ്ഗസമരങ്ങളുടെ അടിസ്ഥാനത്തില്‍ വ്യാഖ്യാനിക്കാം. ഇത് പറയുമ്പോള്‍ ഉടന്‍ ചോദ്യം വരുന്നു "എന്താണ് വര്‍ഗ്ഗസമരം?". വര്‍ഗ്ഗസമരത്തെക്കുറിച്ച് അറിയുന്നതിന് മുന്‍പ് വര്‍ഗ്ഗങ്ങളെ കുറിച്ചും വര്‍ഗ്ഗവിഭജനത്തെക്കുറിച്ചും അറിയണം. മനുഷ്യനുണ്ടായ കാലം തൊട്ടേ വര്‍ഗ്ഗസമരങ്ങളും ഉണ്ട്. അതാത് കാലത്തെ ഉത്പാദന പ്രക്രിയക്കനുസരിച്ചു സമൂഹം വര്‍ഗ്ഗങ്ങളായി വിഭജിക്കപ്പെടുകയും അവ തമ്മിലുള്ള സമരങ്ങളിലൂടെ സമൂഹം പുരോഗമിക്കുകയും ചെയ്തു. ഒരേ രീതിയിലുള്ള ജീവിതം സാധ്യമാകുന്ന ഒരു വിഭാഗം ജനങ്ങളെയാണ് വര്‍ഗ്ഗം എന്നു പറയുന്നത്. രാജഭരണ കാലത്ത് രാജാവും നാടുവാഴി പ്രഭുക്കളും തങ്ങളുടെ ജീവിതം കഴിച്ചിരുന്നത് അടിയാളരില്‍ നിന്ന് ലഭിക്കുന്ന കപ്പം/പാട്ടം കൊണ്ടായിരുന്നു. യഥാര്‍ത്ഥത്തില്‍ ഭൂമിയില്‍ അധ്വാനിച്ചിരുന്നത് ഈ അടിയാളരായിരുന്നു. തങ്ങളുടെ അധ്വാനം മേലാളന്മാര്‍ക്ക് കാഴ്ചയായി നല്‍കേണ്ടി വന്ന ഇവര്‍ എന്നും ഉത്പന്നങ്ങളില്‍ തങ്ങളുടെ പങ്കിനെ ചൊല്ലി പ്രഭുക്കളുമായി സംഘര്‍ഷത്തില്‍ ഏര്‍പ്പെട്ടിരുന്നു. അതെ സമയം നാടുവാഴികളാകട്ടെ കൂടുതല്‍ ഭൂമി സ്വന്തമാക്കി ആതില്‍ കൂടുതല്‍ പണിക്കാരെ വച്ച് അവരുടെ അധ്വാനത്തില്‍ നിന്ന്  കഴിയുന്നത്ര ലാഭം ഉണ്ടാക്കാന്‍ ശ്രമിച്ചു പോന്നു. ആ വ്യവസ്ഥ പക്ഷെ ശാശ്വതമായിരുന്നില്ല. ഉല്‍പ്പാദനം വര്‍ധിച്ചതോടു കൂടി മിച്ച ഉല്‍പ്പന്നം ക്രയവിക്രയം ചെയ്യുന്ന വ്യാപാരികള്‍ ഉണ്ടായി. ഈ വ്യാപാരികള്‍ കച്ചവടം വര്‍ധിച്ചപ്പോള്‍ സ്വന്തമായി ജോലിക്കാരെ വച്ച് ഉത്പാദനവും തുടങ്ങി. പക്ഷെ ഭരണയന്ത്രം കയ്യാളിയിരുന്ന നാടുവാഴി പ്രഭുത്വം അവരുടെ മേല്‍ നികുതികളായും നിയമങ്ങളായും നിയന്ത്രണങ്ങള്‍ വച്ചു. ആ സന്ദര്‍ഭത്തില്‍ തങ്ങളുടെ മുന്നോട്ടുള്ള പ്രയാണത്തിന് വിലങ്ങുതടിയായി നിന്ന നാടുവാഴി പ്രഭുത്വതിനെതിരെ മുതലാളിത്തവും സമരം തുടങ്ങി. പുതിയൊരു വര്‍ഗ്ഗസമരത്തിന്‌ അങ്ങനെ തുടക്കമായി. ബ്രിട്ടനിലും മറ്റും ഈ സംഘര്‍ഷം അവസാനിച്ചത്‌ സായുധ വിപ്ലവത്തിലൂടെയുള്ള നാടുവാഴി പ്രഭുത്വത്തിന്റെ അന്ത്യത്തിലായിരുന്നു. അങ്ങനെ മുതലാളി വര്‍ഗ്ഗം അധികാരം പിടിച്ചെടുത്തു. അങ്ങനെ നോക്കുമ്പോള്‍ പിന്നീട് വന്ന വ്യാവസായിക വിപ്ലവത്തിലൂടെ കടന്നു ഇന്ന് വരെയെത്തി നില്‍ക്കുന്ന ലോക ചരിത്രത്തില്‍ വിവിധ രാജ്യങ്ങളിലെ അതാതു കാലത്തെ വര്‍ഗ്ഗവിഭജനത്തെയും വര്‍ഗ്ഗസമരങ്ങളെയും കാണാന്‍ നമുക്ക് സാധിക്കുന്നു.
        പഴയ വ്യവസ്ഥിതിയില്‍ പുതിയ ഉത്പാദന ശക്തികള്‍ ഉയര്‍ന്നു വരുന്നതും അവ പഴയ വ്യവസ്ഥിതിയില്‍  നിലനില്‍ക്കുന്ന സാമൂഹ്യ ബന്ധങ്ങള്‍ക്കെതിരായി സമരം ചെയ്യുന്നതും പലപ്പോഴും അബോധപൂര്‍വമായിരുന്നു. പക്ഷെ അതെന്നും അങ്ങനെ തുടരേണ്ടതില്ല എന്നു പറയുന്നു മാര്‍ക്സ്. ബോധപൂര്‍വമായി ഉത്പാദന പ്രക്രിയയെ നിയന്ത്രിച്ചു സ്വന്തം ചരിത്രത്തെ സ്വയം രൂപപ്പെടുത്താന്‍ മാത്രം മനുഷ്യന്‍ പുരോഗമിച്ചു കഴിഞ്ഞു.
        ഒരു വ്യവസ്ഥിതിയും ശാശ്വതമല്ലെന്നും ഇന്ന് നിലനില്‍ക്കുന്ന മുതലാളിത്ത വ്യവസ്ഥിതിയും മാറിവരുന്ന വര്‍ഗ്ഗ സമവാക്യങ്ങള്‍ക്ക് അധിഷ്ടിതമായി മാറ്റത്തിന് വിധേയമാണെന്നും ആ മാറ്റം ഏതു ദിശയിലേക്കാകണമെന്ന തീരുമാനം തികച്ചും നമ്മുടെ കയ്യിലാണെന്നും മാര്‍ക്സിസം നമുക്ക് ബോധ്യമാക്കിത്തരുന്നു.
        വര്‍ഗ്ഗരഹിതമായ ഒരു ലോകമാണ് മാര്‍ക്സിസം വിഭാവനം ചെയ്യുന്നത്. അതായത് ഇനിയൊരു വര്‍ഗ്ഗവിഭജനം സാധ്യമല്ലാത്ത ഒരു സാമൂഹ്യ വ്യവസ്ഥിതി. സ്വന്തം കാര്യം സിന്ദാബാദ് എന്നാ മുതലാളിത്ത ചിന്താഗതിയില്‍ നിന്നും മാറി അചഞ്ചലമായ സാമൂഹ്യബോധത്തില്‍ അധിഷ്ടിതമായ ഒരു ജീവിത ക്രമം. അതാണ്‌ മാര്‍ക്സിസം ലക്‌ഷ്യം വെക്കുന്നത്.



(തുടരും)
അവലംബം:എന്താണ് മാര്‍ക്സിസം by എമില്‍ ബേണ്‍സ് 

Comments

  1. ബാക്കി വേഗം വേഗം പോരട്ടെ

    ReplyDelete
  2. ഇതിനെക്കുറിച്ച് ഇപ്പോഴാണ് കുറച്ച് വ്യക്തത കിട്ടിയത്....
    തുടരുക...

    അഭിവാദ്യങ്ങൾ..

    ReplyDelete

Post a Comment

Popular posts from this blog

എന്താണ് മാര്‍ക്സിസം ??(3.വൈരുദ്ധ്യാത്മക ഭൌതികവാദം)

മാറ്റത്തിന് മാറ്റമില്ല